Posted by: Ranjith Sankar | June 29, 2021

തങ്കമ്മ സുശീലൻ 2.0

മെയ് പന്ത്രണ്ടിന് തങ്കമ്മ സുശീലന്റെ എഴുപത്തി അഞ്ചാം പിറന്നാൾ ആണെന്ന് അഞ്ചു പെൺ മക്കളും മറന്നു പോയിരുന്നു .പതിനൊന്നാം തിയ്യതി രാവിലത്തെ ഗുഡ് മോർണിംഗ് whatsapp മെസ്സേജിനൊപ്പം തങ്കമ്മ തന്നെ അഞ്ചു പേരെയും അതോർമ്മിപ്പിച്ചു .രാത്രി കൃത്യം 12 മണിക്ക് തങ്കമ്മയും ഫ്ളാറ്റിലെ സഹായി മോളിക്കുട്ടിയും ചേർന്ന് കേക്ക് മുറിക്കുന്നുണ്ട്.മക്കൾ എല്ലാരും സൂംകോളിൽ പങ്കു ചേരണം.ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അഞ്ചു പേരും സമ്മതിച്ചു.അമ്മ ഇനി എത്ര കാലം ഉണ്ടെന്നാ !

വൈകീട്ട് തന്നെ തങ്കമ്മയും മോളിയും ഒരുക്കങ്ങൾ തുടങ്ങി.ലിവിങ് റൂം ചെറുതായിട്ടൊന്നു അലങ്കരിച്ചു.പ്രത്യേകം പറഞ്ഞുണ്ടാക്കിയ റൈൻബോ കേക്ക് ഭദ്രമായി ഫ്രിഡ്‌ജിൽ വെച്ചു.സ്പായിലെ സനോജ് പറഞ്ഞത് പ്രകാരം കുന്തളകാന്തി തേച്ചു വിസ്തരിച്ചു കുളിച്ചു പന്ത്രണ്ടു മണിക്ക് വേണ്ടി തങ്കമ്മ റെഡി ആയി.

മക്കളിൽ നാല് പേരും കൃത്യ സമയത്തു തന്നെ സൂംകോളിൽ വന്നു. ന്യൂജഴ്‌സിയിലുള്ള ഉള്ള രണ്ടാമത്തെ മോള് ഓഫീസിലെ മീറ്റിംഗ് കഴിഞ്ഞു ഉടനെ വരാമെന്നു മെസ്സേജ് ഇട്ടു.

“കാത്തിരിക്കേണ്ട,ഈ മൊമെൻറ് ഇനി വരില്ലല്ലോ.അവള് വരുമ്പോ വരട്ടെ.”തങ്കമ്മ തീരുമാനം പറഞ്ഞു.

ഉറക്കപിച്ചിലുള്ള നാല് മക്കൾക്കും അത് നൂറു വട്ടം സമ്മതം.അങ്ങിനെ തങ്കമ്മ കേക്ക് മുറിച്ചു.എല്ലാരും ഹാപ്പി ബര്ത്ഡേ പാടി.

“ഈ പിറന്നാള് ഞങ്ങൾക്ക് സ്പെഷ്യൽ ആണ്.അമ്മക്കെന്താ ഞങ്ങള് ബര്ത്ഡേ ഗിഫ്റ് ആയിട്ടു തരേണ്ടത്?”ആഘോഷം കഴിഞ്ഞപ്പോ മൂത്ത മോള് ചോദിച്ചു.അത് കേൾക്കേണ്ട താമസം ബാക്കി ഉള്ളവരും തങ്കമ്മയെ നിർബന്ധിക്കാൻ തുടങ്ങി.ജോലി നിർത്തി രണ്ടാമത്തെ മോളും വന്നു.ബര്ത്ഡേ മിസ് ചെയ്തത് കൊണ്ട് എന്തെങ്കിലും അമ്മക്ക് സ്പെഷ്യൽ ആയി തരണമെന്നായി അവൾക്ക്.അധികം നിര്ബന്ധിക്കാതെ തന്നെ തങ്കമ്മ ആവശ്യം പറഞ്ഞു.

“നാല് പല്ലു റൂട്ട് കനാൽ ചെയ്യാനുണ്ട്.നിനക്കത്ര നിർബന്ധം ആണെങ്കിൽ നീ അതങ്ങു ചെയ്തു തന്നോ.”

“അതിനാണോ പ്രയാസം. എന്ത് ചെലവ് വരും?”രണ്ടാമത്തെ മോള് ചോദിച്ചു.

“treatment നു ഒരു പതിനാറായിരം രൂപ.ക്യാപ് ഒരെണ്ണം നല്ലതിന് പതിനായിരം രൂപയെങ്കിലും വേണമെന്നാ ഡോക്ടർ പറഞ്ഞെ.”

“അപ്പൊ ഏകദേശം ഒരു ലക്ഷം.DONE! .”രണ്ടാമത്തെ മോള് പേടിച്ചില്ല.

പക്ഷെ ന്യൂജഴ്‌സിയിൽ ജോലി ഇല്ലാത്തതു കൊണ്ട് ബാക്കി മക്കൾ പേടിച്ചു. സംശയിച്ചു മൂത്ത മോൾ ചോദിച്ചു.

“അപ്പൊ ഞങ്ങൾ എന്താ തരേണ്ട അമ്മക്ക് ?”

“നിങ്ങൾ എല്ലാരും വേറെ വേറെയാണോ തരുന്നേ?അതോ ഒരുമിച്ചാണോ ഉദ്ദേശിക്കുന്നെ?”

ബാക്കിയുള്ള നാല് മക്കളും ഞെട്ടി.മുമ്പൊക്കെ എന്ത് വേണമെന്ന് ചോദിച്ചാൽ നിങ്ങളൊക്കെ ഇടയ്ക്കു വിളിച്ചാ മാത്രം മതി എന്ന് പറഞ്ഞിരുന്ന അമ്മയാണ്!ധൈര്യം സംഭരിച്ചു മൂന്നാമത്തെ മോള് പറഞ്ഞു.

“അമ്മക്ക് എന്താ വേണ്ടെന്നു പറ.”

“അങ്ങിനാണെങ്കി നീ എന്റെ റൂമിൽ ഒരു AC വെച്ച് തന്ന മതി.”കൂളായി അമ്മ പറഞ്ഞു.

AC ക്ക് കൂടി പോയാ ഒരു മുപ്പതിനായിരം.മൂന്നാമത്തെ മോള് ഹാപ്പി ആയി ഓക്കേ പറഞ്ഞു.

“എല്ലാം ഇവരോട് പറഞ്ഞാ എങ്ങിനാ അമ്മെ.ഞാൻ അല്ലെ മൂത്തത്,ഞാൻ എന്താ തരേണ്ട?”മൂത്ത മോൾക്ക് ഈഗോ അടിച്ചു.

തങ്കമ്മ ഒന്നു ചിന്തിച്ചു.

“നിന്റെ വക ഒരു ത്രെഡ് മിൽ മതിയെടി .”

“ത്രെഡ് മിൽ ഓ ! അതൊക്കെ അമ്മക്ക് ശെരി ആവുമോ?”മോൾക്ക് സംശയമായി.ഇനിയൊരൊന്നു വാങ്ങി കൊടുത്തിട്ടു പുലിവാല് വേണ്ടല്ലോ.

“ഒരു കൊഴപ്പുല്ല്യ,ഒരു നാല് അല്ലെങ്കിൽ നാലര സ്പീഡിലൊക്കെ എന്റെ ഇപ്പോഴത്തെ ആരോഗ്യം വെച്ച് സ്റ്റഡി ആയി നടക്കാം.നല്ല കമ്പനി നോക്കി മേടിക്കണം പക്ഷെ.”

മൂത്ത മോള് അപ്പൊ തന്നെ ഗൂഗിൾ ഇൽ സെർച്ച് ചെയ്തു.ഏകദേശം ഇരുപത്തിഅയ്യായിരമേ വില ഉള്ളു.സമാധാനം .

നാലാമത്തോളോടും അഞ്ചാമത്തോളോടുമായി തങ്കമ്മ പറഞ്ഞു.

“നിങ്ങൾ രണ്ടു പേരും കൂടി പറ്റുംച്ചാ എനിക്കൊരു ഐഫോൺ മേടിച്ചു താ .12 pro ഇപ്പൊ ഇറങ്ങീട്ടില്ലേ ,അത് മതി.”

“അമ്മക്കിപ്പോ നല്ല സ്മാർട്ട്ഫോൺ already ഉണ്ടല്ലോ.”നാലാമത്തോളു സംശയിച്ചു.

“ഇത് സ്ലോ ആയി.12 pro ആവുമ്പൊ കുറച്ചു കൂടി സമാധനം ഉണ്ട് .”

“ആണല്ലേ!” രണ്ടു മക്കളും ഒന്ന് നിശ്വസിച്ചു .അവരുടെ കൈയ്യിൽ പോലും 12 pro ഇല്ല.പക്ഷെ അഞ്ചു് മക്കൾക്ക് കൂടിയുള്ള പന്ത്രണ്ടു പേരക്കുട്ടികളെ പ്രസവം തൊട്ടു നോക്കിയുണ്ടാക്കിയ അമ്മ കൂടിയാണ് ചോദിക്കുന്നത്.കൂടുതൽ ചിന്തിക്കുന്നതിൽ അർത്ഥമില്ല.

“മേടിക്കാം അമ്മെ.പഴേ ഫോൺ എന്നാ മോളി ചേച്ചിക്ക് കൊടുത്തോളു “അഞ്ചാമത്തെ മോള് പറഞ്ഞു.

അമ്മക്കതു ഇഷ്ടപ്പെട്ടില്ല.

“ഇവൾക്കെന്തിനാ ഈ പഴേത്?അത് ഞാൻ പുതീത് വേറെ മേടിച്ചു കൊടുത്തോളം,അല്ലേടി? “

“എനിക്കീ പഴയതായാലും മതി ചേച്ചി.”മോളി വിനയാന്വിതയായി.

“അത് പോരാ”തങ്കമ്മ കർക്കശം പറഞ്ഞു.മക്കൾ എല്ലാരും സീരിയസ് ആയി.

“എന്നാ അങ്ങിനെ “നാലാമത്തെ മോള് സൈലെൻസ് മുറിച്ചു.

“വേറെന്താ അമ്മേ വിശേഷം?അഞ്ചു മിനിറ്റിൽ എനിക്ക് വേറെ മീറ്റിംഗ് ഉണ്ട്”രണ്ടാമത്തെ മോള് തിരക്ക് കൂട്ടാൻ തുടങ്ങി.

“പിന്നെന്താ മോളെ. ഇവിടെ അടിച്ചു പൊളിച്ചു ജീവിക്കുന്നു.നിങ്ങൾ ഒക്കെ അവിടെ ഹാപ്പി അല്ലെ?”

“അതെ അമ്മേ ,ശശിയേട്ടൻ ടൂറിലാ .മനുമോന് ഈ മാസം അവസാനം എക്സാം തുടങ്ങും.”

“അവരുടെ കാര്യമല്ല ഞാൻ ചോദിച്ചത്.പരീക്ഷയും ടൂറും ഒക്കെ അവര് ചെയ്തോളും.നീ അവിടെ പൊളിച്ചു ജീവിക്കുന്നില്ലേ?”

രണ്ടാമത്തെ മോള് ഒന്ന് സംശയിച്ചു.പിന്നെ ചിരിച്ചു പറഞ്ഞു.

“പിന്നേ ,ഒക്കെ അടിപൊളി “

“അത് മതി ,നിങ്ങളോ ?”

ബാക്കി നാല് പേരും അത്ര തന്നെ സംശയിച്ചു.അവരും പറഞ്ഞു

“ഞങ്ങളും ഇവിടെ അടിപൊളി”

“എനിക്കതു കേട്ടാ മതി.അപ്പൊ എല്ലാരും സന്തോഷായിട്ടു പോയി ഉറങ്ങേ, ജോലി ചെയ്യേ എന്താച്ചാ ചെയ്യൂ..ഞാന് മോളിയും netflix ല് ഒരു സിനിമ കാണാൻ പോവ്വാ,അപ്പൊ ഗുഡ് നൈറ്റ്.”

എല്ലാ മക്കളും ഗുഡ് നൈറ്റ് പറഞ്ഞു സൂംകാൾ അവസാനിപ്പിച്ചു. തങ്കമ്മയും മോളിയും പുലർച്ചെ വരെ പെപ്‌സി കുടിച്ചു സിനിമ കണ്ടിരുന്നു.പക്ഷെ എന്ത് കൊണ്ടോ അന്ന് തങ്കമ്മയുടെ നാല് മക്കൾക്കും സുഖമായി ഉറങ്ങാനോ,ഒരു മോൾക്ക് നേരം വണ്ണം ജോലി ചെയ്യാനോ പറ്റിയില്ല. അമ്മയിലേക്കെത്താനുള്ള തങ്ങളുടെ ദൂരം എത്ര കൂടുതലാണെന്നോർത്തു എല്ലാ മക്കളും അന്ന് അസൂയയോടെ കരഞ്ഞു.

-ശുഭം-


Leave a comment

Categories